തൃശൂര്‍: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. 40 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ് തിങ്കളാഴ്ച അതിരിപ്പിള്ളിയിലെത്തിയത്.
അതിരപ്പിള്ളിയില്‍നിന്നും തിരിച്ചുപോരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ പുറകിലേക്ക് എടുത്തു. ഇതിനിടെ അമിത വേഗതയിലായിരുന്ന കാർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ പുഴയുടെ തീരം വരെയെത്തി. ടൂറിസം പോലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ 108 ആംബുലൻസില്‍ ചാലക്കുടി ആശുപത്രിയിലെത്തിച്ചു.
ഹോട്ടല്‍ ജീവനക്കാരായ എട്ട് പേരും ബംഗളൂരുവിൽ നിന്നമുള്ള രണ്ട് സുഹൃത്തുക്കളുമായാണ് അതിരപ്പിള്ളിയിലെത്തിയത്.